.. പ്രവാസിക്കള്‍ക്കായി കേരള സാഹിത്യ അക്കാദമി ആദ്യമായി നടത്തുന്ന നോവല്‍ ,ചെറുകഥാ ക്യാമ്പിലേക്കുള്ള ,രജിസ്ട്രെഷന്‍ ആരംഭിച്ചിരിക്കുന്നു....























Thursday, August 26, 2010

ബഹറിന്‍ കേരളീയ സമാജം-കേരള സാഹിത്യ അകാദമി സാഹിത്യ ശില്‍പശാല

ബഹറിന്‍ കേരളീയ സമാജം-കേരള സാഹിത്യ അകാദമി
സാഹിത്യ ശില്‍പശാല
 
ബഹറിന്‍ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്നുകൊണ്ടു  പ്രവാസി സാഹിത്യകാരന്‍മാര്‍ക്കായി സാഹിത്യ ശില്‍പശാല സംഘടിപ്പിക്കുന്നു.സെപ്റ്റംബര്‍ 10 മുതല്‍ 12  വരെ നടക്കുന്ന ശില്‍പശാലയില്‍ യു. എ.  ഇ , ഖത്തര്‍, ഒമാന്‍, കുവൈറ്റ്‌, സൗദി അറേബ്യ, ബഹറിന്‍ തുടങ്ങിയ വിവിധ ജി. സി. സി. രാജ്യങ്ങളില്‍ നിന്നും 150 ഓളം ‍ സാഹിത്യകാരന്മാര്‍ പങ്കെടുക്കും. നോവല്‍ ചെറുകഥ എന്നിവയെ അടിസ്ഥാനമാക്കി കേരള സാഹിത്യ അക്കാദമി തയ്യാറാക്കിയ സിലബസ് പ്രകാരം ആണ് ശില്‍പശാല നടത്തുന്നത്. പ്രവാസ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ വിപുലമായ സാഹിത്യ ക്യാമ്പ്‌ നടത്തുന്നത്. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ: കെ. എസ് രവികുമാര്‍ ആണ് ക്യാമ്പ്‌ ഡയരക്ടര്‍.  പ്രശസ്ത സാഹിത്യകാരന്‍ ശ്രീ എം മുകുന്ദന്‍ മുഴുവന്‍ സമയവും ക്യാമ്പിനു നേതൃത്വം നല്‍കും. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.
കേരള സാഹിത്യ അക്കാദമി ഇദംപ്രഥമായാണ് വിദേശത്ത് ഇത്തരത്തില്‍ ഒരു  ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രവാസികള്‍ക്കിടയിലെ സാഹിത്യ പ്രവര്‍ത്തനം വളരെ ഗൌരവതരമായി ഉയര്‍ന്നു വന്നിരിക്കുന്ന കാലഘട്ടത്തില്‍ ആണ് ക്യാമ്പ് നടക്കുന്നത്.ഇപ്രാവശ്യത്തെ കേരള സാഹിത്യ അക്കാദമി   അവാര്‍ഡിനര്‍ഹമായ   
'ആടുജീവിത' ത്തിന്‍റെ രചയിതാവ് ശ്രീ ബെന്യാമിന്‍ ബഹറിന്‍ ആസ്ഥാനമായി സാഹിത്യ രചന നിര്‍വഹിക്കുന്ന സാഹിത്യകാരനാണ്.ടി വി കൊച്ചുബാവ മുതല്‍ ഒട്ടേറെ സാഹിത്യ പ്രതിഭകള്‍ പ്രവാസലോകത്ത് നിന്നും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു.
 
സെപ്റ്റംബര്‍ ഒന്‍പതാം തീയതി വൈകിട്ട് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ ചേരുന്ന വിപുലമായ സമ്മേളനത്തില്‍ വെച്ച് ശ്രീ എം മുകുന്ദന്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത നിര്‍വഹിക്കുന്ന ചടങ്ങില്‍ സെക്രടറി എന്‍ കെ വീരമണി സ്വാഗതം ആശംസിക്കും.
 
സെപ്റ്റംബര്‍ 10  വെള്ളിയാഴ്ച രാവിലെ മുതല്‍ ക്യാമ്പ് ആരംഭിക്കും. "കഥ രചനാനുഭവം" എന്ന വിഷയത്തെ ആധാരമാക്കി ശ്രീ എം മുകുന്ദന്‍ ക്ലാസെടുക്കും.തുടര്‍ന്ന് അഥിതികളുടെ കഥാ രചനാനുഭവങ്ങള്‍ ചര്‍ച്ചചെയ്യും. അന്ന് വൈകിട്ട് ക്യാമ്പ് അംഗങ്ങളുടെ കഥാ വായനയും പ്രമുഖ സാഹിത്യകാരമാരുമായുള്ള മുഖാമുഖവും നടക്കും. സെപ്റ്റംബര്‍ പതിനൊന്നാം തീയതി രാവിലെ ചെറുകഥാ ചരിത്രം സംബന്ധിച്ച ക്ലാസ് നടക്കും. തുടര്‍ന്ന് "ചെറുകഥ-രൂപം, ഘടന" എന്ന ക്ലാസ് ഉണ്ടാവും. വൈകിട്ട് കവികളുടെ കൂട്ടായ്മയും വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കും.തുടര്‍ന്ന് കഥ വായന  നടക്കും. സെപ്റ്റംബര്‍ 12 നു രാവിലെ "നോവല്‍ എന്ന സാഹിത്യരൂപം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്, അംഗങ്ങളുടെ നോവല്‍ ചര്‍ച്ച എന്നിവ ഉണ്ടാവും. സെപ്റ്റംബര്‍ 12 നു വൈകിട്ട് ക്യാമ്പ് സമാപിക്കും.
ജി. സി. സി. രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ പേര്‍ അംഗങ്ങളായും അതിഥികളായും നടക്കുന്ന ക്യാമ്പിന്‍റെ വിജയത്തിന് വിപുലമായ സംഘാടക സമിതി പ്രവര്‍ത്തിച്ചുവരുന്നു. ഇതിന്‍റെ പ്രചാരണ ഭാഗമായി ഒട്ടേറെ അനുബന്ധപരിപാടികളും നടന്നു വരുന്നു. ഈയിടെ നടന്ന കഥാകാവ്യ സന്ധ്യ ശ്രദ്ധയാകര്‍ഷിച്ച ഒരു അനുബന്ധ പരിപാടിയായിരുന്നു. എഴുത്തച്ഛന്‍ മുതല്‍ ആധുനിക സാഹിത്യ പ്രതിഭകള്‍ വരെയുള്ള സാഹിത്യകാരന്മാരുടെ  കാരികേച്ചര്‍ രചനയും ഇതിന്‍റെ ഭാഗമായി നടക്കുന്നു.
 

1 comment: